flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Friday 29 November 2013

മങ്കട ഹൈസ്ക്കൂളിന്റെ ചരിത്രം പഠന വിധേയമാക്കി റിയാസ് മങ്കട


മങ്കട ഹൈസ്ക്കൂളിന്റെ ചരിത്രം പഠന വിധേയമാക്കി റിയാസ് മങ്കട

Mankada Govt.High School and the Liberative role in the locality എന്ന ഗവേഷണ പഠനത്തിലൂടെ മങ്കടയുടെ പ്രാദേശിക പുരോഗതിയില്‍ മങ്കട ഗവ:ഹൈസ്ക്കൂളിന്റെ പ്രാധാന്യം പഠനവിധേയമാക്കുകയാണ് റിയാസ് മങ്കട.നാല്പത് പേജുകളിലായി മങ്കടയില്‍ ഒരു ഹൈസ്ക്കൂള്‍ വരുന്നതിന് മുമ്പുണ്ടായിരുന്ന കാലഘട്ടത്തില്‍ മങ്കടയിലെ വിദ്യാഭ്യാസം,മലബാര്‍ മേഖലയിലെ വിദ്യാഭ്യാസം,മങ്കട ഹൈസ്ക്കൂളിന്റെ ചരിത്രം,സാമൂഹ്യ-സാംസ്കാരിക മേഖലകളില്‍ ഹൈസ്ക്കൂളിന്റെ സ്വാധീനം ,മങ്കട പൊതുജന വായനശാല,കലാകായിക മേഖലയില്‍ സ്കൂളിന്റെ സംഭാവനകള്‍ തുടങ്ങിയ തലക്കെട്ടുകളില്‍ സമഗ്രമായി പഠനം നടത്താന്‍ റിയാസ് മങ്കട തയ്യാറായിരിക്കുന്നു.




സാമൂഹ്യ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച റിയാസ്,യൂത്ത് ലീഗിന്റെ മങ്കട പഞ്ചായത്ത് വൈസ് പ്രസിഡന്റ് ,മങ്കട പ്രസ് ഫോറം വൈസ് പ്രസിഡന്റ്,മാധ്യമം ,വര്‍ത്തമാനം പത്രങ്ങങ്ങളുടെ പ്രാദേശിക റിപ്പോര്‍ട്ടര്‍,സാമൂഹ്യ തിന്മകള്‍ക്കെതിരെ മങ്കടയിലെ യുവജന നേതാക്കളുടെ കൂട്ടായ്മക്ക് രൂപം നല്കിയ വ്യക്തി,എന്‍ഫ്രീ യൂത്ത് ഫോറം മുന്‍ജില്ലാചെയര്‍മാന്‍,മാനവ വിഭവശേഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2010ല്‍ ഡല്‍ഹിയില്‍ നടന്ന ക്യാമ്പില്‍ മലപ്പുറത്തെ പ്രതിനിധീകരിച്ചു.


മങ്കടയിലെ കേരളാംതൊടി കോയയുടെയും ജമീലയുടെയും മകനായി മങ്കടയില്‍ ജനനം.മങ്കട ഹൈസ്ക്കൂള്‍,കോഴിക്കോട് സര്‍വ്വകലാശാല,മധുരകാമരാജ് യൂണിവേഴ് സിറ്റി എന്നിവയില്‍ നിന്നും M.A(HISTORY),M.A(POLITICAL SCIENCE)പി.ജി കരസ്ഥമാക്കി.M.Ed പഠനം നടക്കുന്നു.


ഗവേഷണ പ്രബന്ധത്തിന്റെ പകര്‍പ്പിനായി താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
click here 






Monday 25 November 2013

കുരുന്നു കരങ്ങള്‍ വിത്തിറക്കിയപ്പോള്‍ വിളഞ്ഞത് നൂറ്മേനി


കുരുന്നു കരങ്ങള്‍ വിത്തിറക്കിയപ്പോള്‍
വിളഞ്ഞത് നൂറ്മേനി

കുരുന്നു കരങ്ങള്‍ വിത്തിറക്കിയപ്പോള്‍ തരിശ്ശുഭൂമിയില്‍ വിളഞ്ഞത് നൂറ്മേനി.പുളിക്കല്‍ പറമ്പ എ.എം.എല്‍.പി സ്കൂളിലെ നാലാം ക്ലാസ് വരെയുള്ള കൊച്ചു വിദ്യാര്‍ത്ഥികളാണ് ഹരിത ക്ലബ്ബിന്റെ നേതൃത്വത്തില്‍ സ്കൂളില്‍ പച്ചക്കറി കൃഷിയൊരുക്കിയത്.സ്കൂളിന് സമീപത്തെ ഇരുപത് സെന്റിലാണ് കൃഷി.
പടവലം,ചീര,കൈപ്പ,വെണ്ട,പയര്‍,മത്തന്‍,മുളക്,തക്കാളി,വഴുതന തുടങ്ങിയ പച്ചക്കറി ഉപയോഗിച്ച് സ്കൂളിലെ ഉച്ചകഞ്ഞി ഇനി വിഭവസമൃതം.സര്‍ക്കാറിന്റെ 'സ്കൂളിലെ പച്ചക്കറിത്തോട്ടം'പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പുമായി സഹകരിച്ചാണ് പച്ചക്കറിത്തോട്ടം തയ്യാറാക്കിയത്.കൃഷി ഓഫീസര്‍ വിജയശ്രീയുടെ നേതൃത്വത്തിലുള്ള സാങ്കേതികപിന്തുണയാണ് കൃഷിയുടെ വിജയത്തിന് കളമൊരുക്കിയതെന്ന് പ്രധാന അധ്യാപിക ജെ.ഗിരിജാകുമാരി പറഞ്ഞു.പൂര്‍ണമായും ജൈവകൃഷിരീതിയാണ് പിന്തുടര്‍ന്നിരിക്കുന്നത്.
ഹരിത ക്ലബ്ബ് അംഗങ്ങളെ അധ്യാപകരുടെ കീഴില്‍ ഓരോ ദിവസത്തെയും ഓരോ വിഭാഗം പച്ചക്കറികളുടെയും ചുമതല ഏല്‍പിച്ച് പരിചരിച്ചാണ് മുന്നോട്ടുകൊണ്ടുപോകുന്നത്.രക്ഷിതാക്കളായ തൊഴിലുറപ്പ് പദ്ധതി അംഗങ്ങള്‍ നിലമൊരുക്കുന്നതിന് സഹായിച്ചു.ആധുനികരീതിയില്‍ മോട്ടോര്‍ ഉപയോഗിച്ച്
സ് പ്രിംങ്ളറിന്റെ സഹായത്തോടെയാണ് തോട്ടംനനക്കുന്നത്.കഴിഞ്ഞദിവസം നടന്ന വിളവെടുപ്പിന്റെ തുടക്കം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പരിയംതടത്തില്‍ സൈനബ ഉദ്ഘാടനം ചെയ്തു...ഒ കെ.എസ്.ഷാജന്‍ ,പി.ടി.എ പ്രസിഡന്റ് കെ.ഉമ്മര്‍.എം.ടി.എ പ്രസിഡന്റ് ടി.ടി സുഹ്റ ,കെ.പി ജ്യോതി,കെ.ഷമീന,സ്കൂള്‍ ലീഡര്‍ കെ.പി ഷംന എന്നിവര്‍ സംസാരിച്ചു

Sunday 24 November 2013

കഥകളിയെ സ്നേഹിച്ച കലാമണ്ഡലം ഗോപാലകൃഷ്ണന്‍ എന്ന മങ്കടക്കാരനായ പ്രവാസി മലയാളി


കഥകളിയെ സ്നേഹിച്ച കലാമണ്ഡലം ഗോപാലകൃഷ്ണന്‍ എന്ന മങ്കടക്കാരനായ പ്രവാസി മലയാളി

മുപ്പത്തിരണ്ട്കൊല്ലം ഡല്‍ഹിയിലെ മോഡേണ്‍ സ്കൂളില്‍ കലാ അധ്യാപകനായി സേവനമനുഷ്ടിച്ച് നാട്ടിലേക്കെത്തിയ കലാമണ്ഡലം ഗോപാകൃഷ്ണന്‍ എന്ന കൃഷ്ണേട്ടനെ കാണാനായി ഞായറാഴ്ച്ച രാവിലെ തന്നെ വീട്ടിലെത്തി.പതിവുപോലെ ബാല്യകാല ജീവിതത്തിലൂടെ തന്നെയാണ് അദ്ദേഹത്തിന്റെ കലാജീവിതം നമ്മുക്കായി പങ്കുവെയ്ക്കാന്‍ അവസരമുണ്ടായത്.

മങ്കട മീനേടത്ത് ഗോവിന്ദന്‍ നായരുടെയും കുഴിക്കാട്ടില്‍ പാറുകുട്ടിയമ്മയുടെയും മകനായി 1945ല്‍ മങ്കടയില്‍ ജനനം. എട്ടാം ക്ലാസുവരെ മങ്കടയില്‍ പഠിച്ചു.ആ കാലത്തുതന്നെ സമീപപ്രദേശങ്ങളില്‍ കഥകളിയുണ്ടെങ്കില്‍ വളരെ താല്‍പര്യത്തോടെ കാണാന്‍പോകും. പിന്നീട് കൂട്ടുകാരോടൊത്ത് വീടിനു സമീപത്തെ പറമ്പില്‍ കളിച്ചു നോക്കുമായിരുന്നു.1957ല്‍ കേരള കലാമണ്ഡലത്തില്‍ കഥകളി പഠിക്കാനായി ചെന്നപ്പോള്‍ വള്ളത്തോള്‍ അരികെചേര്‍ത്ത് നിര്‍ത്തി ഒരുവര്‍ഷംകൂടി കഴിഞ്ഞിട്ടുമതി പഠനം എന്നു പറഞ്ഞ് തിരിച്ചയച്ചു.തൊട്ടടുത്ത വര്‍ഷം കലാമണ്ഡലത്തില്‍ പ്രവേശനം ലഭിച്ചു.അപ്രകാരം 16/06/1958 മുതല്‍ 19/05/1964വരെ കഥകളി പഠനം തുടര്‍ന്നു.കലാമണ്ഡലം രാമന്‍ക്കുട്ടിനായര്‍,കലാമണ്ഡലം പത്മനാഭന്‍ നായര്‍,കലാമണ്ഡലം ഗോപിയാശാന്‍ എന്നിവരായിരുന്നു പ്രധാന ഗുരുക്കന്‍മാര്‍.പച്ച,വെള്ളത്താടി എന്നിവയായിരുന്നു പ്രധാന വേഷങ്ങള്‍.കലാമണ്ഡലത്തില്‍ നിന്നുംഇരുപത്തിയഞ്ചുരൂപ സ്റ്റൈപ്പന്റ് ലഭിക്കുമായിരുന്നു.തന്റെ പഠനത്തിലും ഉയര്‍ച്ചയിലും ഏറ്റവും താല്പര്യം കാണിച്ചവര്‍ പിതാവായ ഗോവിന്ദന്‍ നായരും ഉണ്ണിതമ്പുരാനും തോട്ടതൊടിമുഹമ്മദ് കാക്കയുമായിരുന്നു.കലാമണ്ഡലത്തിലെ പഠനത്തിന് ശേഷം 1964ല്‍ ഡല്‍ഹിയിലേക്ക് പോയി.
1966വരെ ഡല്‍ഹിയിലെ രംഗശ്രീ,ലിറ്റില്‍ ബാലെ ട്രൂപ്പില്‍ discovery of india എന്ന ബാലെ അവതരിപ്പിച്ചു.1967 വരെ ഇന്ത്യന്‍ റിവൈവല്‍ ഗ്രൂപ്പില്‍ കഥകളിയും ഫോക്ക്ഡാന്‍സുമായി മുന്നോട്ട്പോയി.തുടര്‍ന്ന് ഡല്‍ഹിലെ വസന്ത് വിഹാറിലുള്ള മോഡേണ്‍ സ്കൂളില്‍ കലാഅധ്യാപകനായി ജോലിനേടി.നീണ്ട മുപ്പത്തിരണ്ടു വര്‍ഷം
മോഡേണ്‍ സ്കൂളില്‍ സേവനമനുഷ്ടിച്ചു.ഈ കാലഘട്ടത്തില്‍ ഒട്ടേറെ സാഹിത്യ-സാംസ്കാരിക വേദികളില്‍ ശ്രീ.ഗോപാലകൃഷ്ണന്റെ ഇടപെടലുകളുണ്ടായി.1982ല്‍ ഏഷ്യന്‍ഗെയിംസ് ഡല്‍ഹിയില്‍ നടന്നപ്പോള്‍ അതിന്റെ അസിസ്റ്റന്റ് കൊറിയോഗ്രാഫറായി പ്രവര്‍ത്തിച്ചു.അധ്യാപന ജീവിതത്തില്‍, വളരെ പ്രസിദ്ധരായിതീര്‍ന്ന പലരുടെയും ഗുരുവാകാന്‍ ഭാഗ്യമുണ്ടായി.അഭിഷേക്ബച്ചന്‍,ഷാറൂഖാന്റെ ഭാര്യയായ ഗൗരി,പ്രവീണ്‍ഡേബാസ്,കോയല്‍പൂരി,പ്രസിദ്ധ സാരോദ് വിദഗ്ദന്‍ അംജദ്അലിഖാന്റെ മക്കളായ ആയന്‍ഖാന്‍,അമന്‍ഖാന്‍ എന്നിവര്‍ ശിഷ്യന്‍മാരായിരുന്നു.ഒരുകലാ അധ്യാപകന്‍ എന്നതിനപ്പുറം നല്ലൊരു കായികാധ്യപകന്‍കൂടിയായിരുന്നു ശ്രി.ഗോപാലകൃഷ്ണന്‍.

അനുഭവങ്ങളിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ നാട്യബാലസെന്റര്‍,ലിറ്റില്‍ ബാലറ്റ് ട്രൂപ്പ്,ഗ്വാളിയോര്‍,ഇന്ത്യന്‍ റിവൈവല്‍ ഗ്രൂപ്പ് കൊല്‍ക്കത്ത,ഇന്ത്യന്‍ബാലെ ട്രൂപ്പ് കൊല്‍ക്കത്ത,ഭാരതീയ കലാകേന്ദ്രം ഡല്‍ഹി എന്നിവയിലൂടെ 1500 ലധികം വേദികളില്‍ ശ്രീ.ഗോപാലകൃഷ്ണന്‍ അരങ്ങിലെത്തി.മൂന്ന് ഫിലിമുകളിലും ഒരു ടെലിവിഷന്‍ സീരിയലിലും അഭിനയിച്ചു.റഷ്യ,നേപ്പാള്‍,കാനഡ എന്നിവിടങ്ങളില്‍ തന്റെ പ്രകടനങ്ങള്‍ കാഴ്ചവെച്ചു.ബാലെ,കഥകളി,ഫോക്ക്ഡാന്‍സ് എന്നിവയില്‍ വളരെയധികം സെമിനാറുകളും വര്‍ക്ക്ഷോപ്പുകളും സംഘടിപ്പിച്ചു.പ്രമുഖ വ്യക്തികളുമായി വേദികള്‍ പങ്കിട്ടു.സ്വപ്ന സുന്ദരി റുവസംഗുലി,ഭൂപന്‍ഹസാരിക തുടങ്ങിയവര്‍ ഇതില്‍ ഉള്‍പ്പെടുന്നു.2008ല്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ഇന്ത്യയുടെ കലാദര്‍പ്പണപുരസ്കാരം കോട്ടയത്ത് വെച്ച് ശ്രീ.എം.വി.ദേവനില്‍ നിന്നും ഏറ്റു വാങ്ങി.
 പ്രസിദ്ധ സിത്താറിസ്റ്റും ബംഗാളിയുമായ ശ്രീമതി.നന്ദനായരാണ് ഭാര്യ.അഭിമന്യു,അന്‍ഷുമന്‍ എന്നിവര്‍ മക്കള്‍.ഹരിയാനയില്‍ താമസിക്കുന്നു.സര്‍വ്വീസില്‍ നിന്നും വിരമിച്ചതോടെ കേരളത്തിന്റെ മണ്ണിലേക്ക് വീണ്ടും തിരിച്ചുവരാനുള്ള ശ്രമത്തിലാണ് ശ്രി.ഗോപാലകൃഷ്ണന്‍.

Tuesday 19 November 2013

കൃഷിക്കായി ജീവിതം സമര്‍പ്പിച്ച് യുവാവിന്റെ ഹരിത പാ‌‌‌‌‌‌ഠം



കൃഷിക്കായി ജീവിതം സമര്‍പ്പിച്ച് യുവാവിന്റെ ഹരിത പാ‌‌‌‌‌‌ഠം
 
മങ്കട: പുതുതലമുറ മൊബൈല്‍ ഫോണിലും ഫെയ്സ് ബുക്കിലുമൊക്കെ സമയം ചെലവഴിക്കുമ്പോള്‍ വേറിട്ട വഴിയിലൂടെ സഞ്ചരിക്കുകയാണ് മങ്കട സ്വദേശി തുമ്പലക്കാടന്‍ ഷാജഹാന്‍ എന്ന25കാരന്‍.
മങ്കട ഗവ:ആശുപത്രിക്ക് സമീപം പടുവില്‍കുന്നിന്റെ ചെരുവിലെ അഞ്ചേക്കര്‍ ഭൂമിയില്‍ നാല് വര്‍ഷമായി പൊന്ന് വിളയിക്കുകയാണ് ഷാജഹാന്‍. ഡോ.സുഭദ്രാമേനോന്റെ ഉടമസ്ഥതയിലുള്ള അഞ്ചേക്കര്‍ ഭൂമി രാസവളം ഉപയോഗിക്കരുതെന്ന നിബന്ധനയിലാണ് ഷാജഹാന് കൃഷിക്ക് നല്‍കിയത്.സ്വന്തമായി വളര്‍ത്തുന്ന പശുക്കളുടെയും ആടുകളുടെയും വളങ്ങള്‍ ഉപയോഗിച്ച് ചീര,പയര്‍,ചേന,മഞ്ഞള്‍,ചേമ്പ്,വാഴ,കപ്പ തുടങ്ങിയ വിവിധയിനം കൃഷികളാണ് ഷാജഹാന്‍ നടത്തുന്നത്.പച്ചക്കറികളുടെ വിളവെടുപ്പ് കഴിഞ്ഞ സ്ഥലത്ത് ഇപ്പോള്‍ നാലായിരത്തോളം കപ്പ കമ്പുകള്‍ നട്ടുകഴിഞ്ഞു.അഞ്ഞൂറോളം വാഴകള്‍ കുലച്ച് പാകമായി വരുന്നു.ജലസേചനത്തിനായി നിര്‍മ്മിച്ച കുഴിയില്‍ മത്സ്യകൃഷിയും നടത്തുന്നുണ്ട്.രണ്ട് ലക്ഷം ലിറ്റര്‍ വെള്ളം ഉള്‍കൊള്ളുന്നതാണ് ജലസംഭരണി.കുഴല്‍ കിണറില്‍ നിന്നും വെള്ളം പമ്പ്ചെയ്ത് ഇതില്‍ ശേഖരിക്കുകയും പിന്നീട്കൃഷിയിടങ്ങളിലേക്ക് പൈപ്പുകള്‍ സ്ഥാപിച്ച് നനക്കുകയാണ് ചെയ്യുന്നത്.കൃഷിക്ക് വളമിടാനും പ്രത്യേക സംവിധാനം ഒരുക്കിട്ടുണ്ട്.ഒഴിവ് സമയങ്ങളില്‍ ഡ്രൈവര്‍ ജോലിയും എടുക്കുന്നു.

ചില സീസണില്‍ ലക്ഷം രൂപക്ക് വരെ വാഴക്കുലവില്‍ക്കാറുണ്ട്.കൃഷിവകുപ്പിന്റെ സഹായം ആദ്യമൊക്കെ തേടിയിരുന്നെങ്കിലും ഇപ്പോള്‍ അതിനു ശ്രമിക്കാറില്ലെന്നും ഷാജഹാന്‍ പറയുന്നു.മങ്കടയിലെ തൂമ്പലക്കാടന്‍ മൂസയുടെ നാലാമത്തെ മകനാണ് ഷാജഹാന്‍.


Monday 18 November 2013

അറവു ശാലയില്‍ നിന്ന് തൊഴുത്തിലേക്ക് ,പശുക്കള്‍ക്ക് പുനര്‍ജന്മം,പൊന്നുവിന് സന്തോഷവും


അറവു ശാലയില്‍ നിന്ന് തൊഴുത്തിലേക്ക്,
പശുക്കള്‍ക്ക് പുനര്‍ജന്മം,പൊന്നുവിന് സന്തോഷവും
അറവ് ശാലയിലേക്ക് കൊണ്ടുവന്ന പശുക്കളെ ഏറ്റെടുത്ത് കര്‍ഷകന്‍ ചെയ്ത സുകൃതത്തിലൂടെ രക്ഷപ്പെട്ടത് നാല് ജീവന്‍.

മങ്കട കടന്നമണ്ണ സ്വദേശി പറശ്ശേരി വേലുവിന്റെയും വള്ളിയുടെയും മകനായ പൊന്നു എന്ന കര്‍ഷകനാണ് പശുകള്‍ക്ക് പുതുജന്മമേകിയത്.
കൂട്ടിലങ്ങാടിയിലെ അറവ്ശാലയിലേക്ക് തമിഴ് നാട്ടില്‍നിന്ന് കൊണ്ടുവന്ന കാലികളില്‍ പ്രസവിക്കാറായത് ഉണ്ടെന്ന് സുഹൃത്ത് മുഖേന അറിഞ്ഞപൊന്നു ഇവയെ വിലക്ക് വങ്ങി.എഴുന്നേറ്റ് നില്‍കാന്‍പോലും കഴിയാതിരുന്ന പശുവിനെ വാഹനത്തിലാണ് വീട്ടിലെത്തച്ചത്. മറ്റുള്ളവരുടെ സഹായത്തോടെ വാഹനത്തില്‍ നിന്നും ഒരുവിധം താഴെ ഇറക്കിയ പശുവിന് മങ്കടയിലെ പൊതുവച്ചോല കമാല്‍ അഹമ്മദിന്റെ മകനായ വെറ്റിനറി ഡോക്ടര്‍ സജിത്തിന്റെ പ്രത്യേക നിര്‍ദ്ദേശത്തില്‍ പരിചരണം നല്കിയപ്പോള്‍ ആരോഗ്യം വീണ്ടെടുക്കുകയും ഒരാഴ്ചക്കുള്ളില്‍ പ്രസവിക്കുകയും ചെയ്തു.പിന്നീട് ഇതേ അവസ്ഥയില്‍ ഒരുപശുകൂടി അറവുശാലയിലേക്കെത്തിയപ്പോള്‍ പൊന്നു അതിനേയും വാങ്ങി.എട്ടുദിവസത്തിനുള്ളില്‍ അതും പ്രസവിച്ചു.



കഴിഞ്ഞ ദിവസം പശുക്കളെ കാണാനായി പോയപ്പോള്‍ ,പൊന്നുവിന്റെ ശബ്ദം കേട്ടപ്പോള്‍തന്നെ തൊടിയില്‍ മേയുകയായിരുന്ന പശുക്കള്‍ അമറാന്‍ തുടങ്ങിയിരുന്നു. അത്രയ്കും പൊന്നുവിന്റെ കുടുംബവുമായി ഇണങ്ങിയിരിക്കുന്നു അവ.
 തണല്‍ പരിസ്ഥിതി സംഘടനയുടെ സജീവപ്രവര്‍ത്തകനും യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍ അംഗം ,ജൈവകര്‍ഷകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന പൊന്നു മലപ്പുറം പോസ്റ്റ് ഓഫീസ് ജീവനക്കാരനാണ്.

Monday 11 November 2013

ആരിഫ് മങ്കട വായനശാല പോസ്റ്റില്‍ അഭിപ്രായം രേഖപ്പെടുത്തിയത് ഇപ്രകാരം:


 ആരിഫ് മങ്കട   വായനശാല പോസ്റ്റില്‍ അഭിപ്രായം രേഖപ്പെടുത്തിയത് ഇപ്രകാരം:
കംപ്യൂട്ടര്‍ സിസ്റ്റവും പുസ്തകങ്ങള്‍ക്ക് ബാര്‍കോഡ് സംവിധാനവും വേണം. ഇപ്പോള്‍ ലൈബ്രൈറികള്‍ക്കായി ലോകതലത്തില്‍ തന്നെ സൌജന്യ സോഫ്റ്റ്‍വെയറുകള്‍ കിട്ടാനുണ്ട്. ഞാനും എന്‍റെ കൂടെയുള്ള ഐടി മേഖലയില്‍ ജോലി ചെയ്യുന്ന കൂട്ടുകാരും ഈ സൌകര്യങ്ങള്‍ സജ്ജീകരിക്കുവാന്‍ സദാസന്നദ്ദരാണ്. അതുപോലെതന്നെ ജോലിക്ക് പോകുന്ന ആളുകള്‍ക്ക് സൌകര്യമാകും വിധം സമയക്രമീകരണം വേണം. പരപ്പനങ്ങാടി മുഹമ്മദ് സ്മാരക വായനശാല ഇതിന് നല്ലൊരുദാഹരണമാണ്. രാത്രി എട്ടര മണി വരെയൊക്കെ അവിടെ പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ ഈ സ്ഥാപനത്തിന് എല്ലാ ഭാവുകങ്ങളും...

Sunday 10 November 2013

മങ്കട പൊതുജന വായനശാല പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം


മങ്കട പൊതുജന വായനശാല പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം


മങ്കട പൊതുജന വായനശാലയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം മങ്കട എം.എല്‍.എ ശ്രീ.ടി..അഹമ്മദ് കബീര്‍ നിര്‍വ്വഹിച്ചു.വായനശാല പ്രസിഡന്റ് സി.അരവിന്ദന്‍ അധ്യക്ഷതവഹിച്ചു.
അഹമ്മദലി മാസ്റ്റര്‍ അനുസ്മരണം ശ്രീ.വി.എം.കൊച്ചുണ്ണി മാസ്റ്റര്‍ നിര്‍വ്വഹിച്ചു.ലൈബ്രേറിയന്‍ വി.എം ശ്രീധരപണിക്കരെ ശ്രീ.രാമചന്ദ്രന്‍ മാസ്റ്റര്‍ ആദരിച്ചു.പ്രശസ്ത നാടക-സിനിമാ നടി നിലമ്പൂര്‍ ആയിഷ മുഖ്യാതിഥിയായിരുന്നു.ഡോ.എന്‍.രാജന്‍ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് പ്രസിഡന്റ് ടി.എ കരീം ,ടി.ഗീത,സമദ് മങ്കട ,ഡോ.സിജിന്‍,ബഷീര്‍ ചുങ്കത്തറ (പു..സ ജില്ലാ സെക്രട്ടറി)ഡോ.സാദിഖലി എന്നിവര്‍ സംസാരിച്ചു.ടി.ടി കുഞ്ഞിക്കോയ സ്വാഗതവും അഡ്വ.സുകൃതരജീഷ് നന്ദിയും പറഞ്ഞു.മങ്കട തംബുരു സംഗീത വിദ്യാലയം കരോക്കെ ഗാനമേളയുംകനല്‍ തിരുവാലി നാടന്‍പാട്ടുകള്‍ അവതരിപ്പിച്ചു.രാവിലെ നടത്തിയ ചിത്രരചനാമത്സരത്തിലും ക്വിസ്സ് മത്സരത്തിലും വിജയിച്ചവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Wednesday 6 November 2013

മങ്കട വായനശാല വായനക്കാരുടെ  പ്രതികരണങ്ങള്‍


 ബിവിന്‍.ടി

പുരോഗമനേച്ഛുക്കളായ ഒരു കൂട്ടം സാമൂഹ്യപ്രവർത്തകരുടെ സ്വപ്ന സാഫല്യമാണ് മങ്കട പൊതുജന വായനശ്ശാല. ആളും അർഥവും ഇല്ലാതെ ക്ഷയോന്മുഖമായിരുന്ന വായനശ്ശാലയ്ക്ക് ഒരു പുതിയ മുഖം നൽകാനുള്ള ശ്രമത്തെ അംഗീകരിക്കുന്നു. പുതിയ പശ്ചാത്തല സൗകര്യങ്ങളൊരുക്കുവാൻ ഭാരവാഹികൾ നടത്തിയ ഭഗീരഥ പ്രയത്നം സാമൂഹ്യപ്രവർത്തകർക്ക് മാതൃക തന്നെയാണ്. എന്നാൽ, ഒരു ഗ്രാമത്തിന്റെ സാംസ്കാരിക കേന്ദ്രമാവേണ്ട വായനശ്ശാലയുടെ ഉദ്ദേശലക്ഷ്യങ്ങൾ പരിപൂർണ്ണമായി സാധൂകരിക്കുന്നതിനുതകുന്ന വിധത്തിൽ വായനശ്ശാലയുടെ പ്രവർത്തനത്തെ പുന:ക്രമീകരിക്കേണ്ടതാണെന്നാണ് എന്റെ അഭിപ്രായം. കേവലം പത്രവായനക്കൊരിടം എന്നത്തിനപ്പുറം ഒരു വിജ്ഞാന ഉറവിടമായി ഈ സ്ഥാപനം മാറേണ്ടതുണ്ട്. ആധുനികവത്കരണം ഒഴിച്ചു കൂടാനാവാത്തതാണ്. കമ്പ്യൂട്ടറിന്റെ സഹായത്തോടെ പുസ്തകങ്ങളുടെ ക്രോഡീകരണവും തിരയലും എളുപ്പമാക്കെണ്ടതുണ്ട്. ഒരു പരിശീലനം കിട്ടിയ ലൈബ്രേറിയന്റെ സേവനം നിശ്ചയമായും ഉണ്ടാവണം. പ്രതിവാര/പ്രതിമാസ ചർച്ചകളും പി.എസ്.സി. പരീക്ഷാ പരിശീലനവും ആരോഗ്യ ബോധവത്കരണവും ഒക്കെക്കൊണ്ട്‌ സമ്പന്നമാവണം വായനശ്ശാലയുടെ അകത്തളം.
ഇതൊക്കെ സാധ്യമാവണമെങ്കിൽ ജന പങ്കാളിത്തം വേണം. സാധാരണക്കാരന് ഈ സ്ഥാപനം തന്റെയെന്നു ബോധ്യം വരണമെങ്കിൽ മത-രാഷ്ട്രീയ അതിർ വരമ്പുകൾക്കതീതമായി വായനശ്ശാലയുടെ വികസന പ്രവർത്തനങ്ങളിൽ പങ്കാളിയാവാൻ കഴിയണം. അതിനായി എല്ലാവരെയും ഉൾക്കൊള്ളുന്ന മട്ടിൽ വായനശ്ശാലയുടെ അംഗത്വവും ഭരണസമിതിയുടെ അംഗത്വവും ജനാധിപത്യവത്കരിക്കണം.
ഒരു വായനശ്ശാലാ അംഗം എന്ന നിലയിലുള്ള എന്റെ വീഴ്ചകൾ ഇതോടൊപ്പം ഏറ്റു പറയുന്നു. മുമ്പോട്ടുള്ള പ്രയാണത്തിൽ എന്നാലാവുന്ന സഹായം, കോടൻ ഭരണിയിൽ ഉപ്പുമാങ്ങയിടുമ്പോൾ പച്ചവെള്ളം സംഭാവന ചെയ്യുന്നത് പോലെ, ഉണ്ടാവുമെന്ന് ഉറപ്പു തരുന്നു.

Tuesday 5 November 2013

മങ്കട പൊതുജനവായനശാല

മങ്കട പൊതുജനവായനശാലയിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിനായി മങ്കട ഓണ്‍ലൈനിന്റെ നേതൃത്വത്തില്‍ വായനശാല ഭരണസമിതിക്കു നല്കിയ നിവേദനം.നിങ്ങളുടെ അഭിപ്രായങ്ങള്‍  അറീക്കുക.അവ പ്രസിദ്ധീകരിക്കുന്നതായിരിക്കും



പ്രസിഡന്റ്/സെക്രട്ടറി
പബ്ലിക്ക് ലൈബ്രറി മങ്കട.

മങ്കട പൊതുജനവായനശാല പുതിയകെട്ടിടത്തിലേക്ക്മാറുന്നതുമായി ബന്ധപ്പെട്ട ഉദ്ഘാടന ചടങ്ങിന്റെ നോട്ടീസ് കണ്ടു.അക്ഷരങ്ങളെ സ്നേഹിക്കുന്നവര്‍ക്കെല്ലാം സന്തോഷം തോന്നുന്നതാണിത്.ഭാരവാഹികള്‍ക്ക് അഭിനന്ദനങ്ങള്‍.

മങ്കട പൊതുജനവായനശാലയുടെ ചരിത്രവും ഇതിന്റെ സാരഥികളുംപ്രവര്‍ത്തനങ്ങള്‍ക്ക് വഴികാണിച്ചുകൊടുത്തവരുമായ ബഹുമാന്യരായ അഹമ്മദ്കുട്ടിമാസ്റ്റര്‍,രാധാകൃഷ്ണമേനോന്‍,അഹമ്മദലി മാസ്റ്റര്‍ തുടങ്ങിയവരെകുറിച്ചും നിലവില്‍ പ്രവര്‍ത്തിക്കുന്ന കൊച്ചുണ്ണി മാസ്റ്റര്‍,രാമചന്ദ്രന്‍ മാസ്റ്റര്‍,കമാല്‍ അഹമ്മദ്,ലൈബ്രേറിയനായ ശ്രീധരപണിക്കര്‍ എന്നിവരെ കുറിച്ചും മങ്കട ഓണ്‍ലൈനില്‍ (www.mankadaonline.blogspot)പ്രസിദ്ധീകരിച്ചിരുന്നത് കണ്ടിരിക്കുമല്ലോ?

മങ്കടയുടെ സാംസ്കാരികചരിത്രത്തില്‍ പ്രധാനനാഴിക കല്ലായിരുന്ന മങ്കട പൊതുജനവായനശാലയുടെ പ്രവര്‍ത്തനങ്ങള്‍ നിലച്ചുപോയ കാലഘട്ടത്തില്‍ മങ്കട പൗരസമിതി എന്ന സംഘടന(സംഘടന ഇപ്പോള്‍ നിലവിലില്ല,എന്നാല്‍ സംഘടനയിലെ അംഗങ്ങളായിരുന്ന വ്യക്തികള്‍ വായനശാല പ്രവര്‍ത്തക സമിതിയിലുണ്ട്.)മുന്‍കൈ എടുത്ത് അന്നത്തെ ഗ്രന്ഥശാല സംഘം ജില്ലാനേതൃത്വത്തിലുണ്ടായിരുന്ന ശ്രീ.അഹമ്മദലി മാസ്റ്റര്‍ക്ക് ഒരു നിവേദനം നല്‍കുകയും ആയതിന്റെ ഭാഗമായി ലൈബ്രറിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി യുവതലമുറയെകൂടി ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കാം എന്ന തീരുമാനത്തിലെത്തുകയും ചെയ്തു.അപ്രതീക്ഷിതമായിരുന്നു അഹമ്മദലി മാസ്റ്ററുടെ മരണം.ഗ്രന്ഥശാലസംഘത്തിനു പൊതുവെയും മങ്കട പൊതുജനവായനശാലക്ക് പ്രത്യകിച്ചും വലിയ നഷ്ടമായിരുന്നു അത്.

പിന്നീട് താല്കാലികമായി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംകൊടുത്തിരുന്ന ശ്രീ.രാമചന്ദ്രന്‍ മാസ്റ്റര്‍,ശ്രീ.കമാല്‍ അഹമ്മദ് എന്നിവരെ കാണുമ്പോഴൊക്കെ നമ്മുക്ക് വായനശാലയുടെ ഒരു കമ്മിറ്റി ഉടന്‍ വിളിച്ചുച്ചേര്‍ക്കണം എന്ന് പറയുമായിരുന്നു.നിയമാനുസരണം ഒരു ജനറല്‍ബോഡി(കടലാസ് ജനറല്‍ബോഡിയല്ല) വിളിച്ചുകൂട്ടുകയോ അംഗങ്ങളെ രേഖാമൂലം അറീക്കുകയോ ചെയ്യാതെ തല്‍പരകക്ഷികളെ മാത്രം ഉള്‍പ്പെടുത്തി ഒരു കമ്മിറ്റിരൂപം കൊണ്ടത് അത്ഭുതകരമായിരുന്നു.

മങ്കടയുടെ സാംസ്കാരികാഭിവൃദ്ധിയില്‍ മങ്കട പൊതുജനവായനശാലക്കുണ്ടായിരുന്ന സ്ഥാനം വളരെ ഉയര്‍ന്നതായിരുന്നു.ഈ സ്ഥാപനത്തിന്റെ രൂപീകരണ ചരിത്രം പരിശോധിച്ചാല്‍ ഇതിനായി പ്രയക്നിച്ചവരെല്ലാം ജാതി,മത,രാഷ്ട്രീയ താല്പര്യങ്ങള്‍ക്കപ്പുറം നിന്നവരായിരുന്നു എന്നു കാണാം.എന്നാല്‍ വായനശാലയുടെ അകത്തളങ്ങളില്‍പ്പോലും ഒരുതവണ കയറിവന്നിട്ടില്ലാവര്‍ ഇന്ന് നിലവിലുള്ള കമ്മിറ്റിയില്‍ എത്തിപ്പെട്ടത് എപ്രകാരമായിരുന്നു എന്നത് വിചിത്രമാണ്.

അക്ഷരത്തെസ്നേഹിക്കുന്നവര്‍,താലോലിക്കുന്നവര്‍,ആശയപ്രകടനത്തിനായി ഉപയോഗിക്കുന്നവര്‍,നിത്യേന വായനശാലയെ ഉപയോഗപ്പെടുത്തുന്നവര്‍,അധ്യാപകര്‍,വിദ്യാര്‍ത്ഥികള്‍ തുടങ്ങി നിരവധിയാളുകള്‍ ഈ മഹദ്സ്ഥാപനത്തിന്റെ നന്മക്കായി പുറത്തുനില്‍ക്കുമ്പോള്‍,അവരെകൂടി ഉള്‍പ്പെടുത്തി ജനകീയമായി ,ജനാധിപത്യമാര്‍ഗ്ഗങ്ങളിലൂടെ ഒരു കൂട്ടായ്മ ഉണ്ടാക്കുന്നതല്ലേ അഭികാമ്യം.മങ്കടയുടെ ഒരു സാംസ്കാരിക നിലയത്തിന് പുതിയകെട്ടിടം പണിതുടങ്ങുന്നത് അതിലെ ബഹുഭൂരിപക്ഷം അംഗങ്ങളും അറിഞ്ഞില്ല എന്നത് തികച്ചും ഖേദകരം തന്നെ.

നിലവിലുള്ള നേതൃത്വം തന്നെ തുടരട്ടെ.പക്ഷേ ഒരു ജനറല്‍ബോഡി വിളിച്ചുചേര്‍ത്ത് ലൈബ്രറിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യാനും വളര്‍ച്ചക്കാവശ്യമായ അഭിപ്രായങ്ങള്‍ സ്വരൂപിക്കാനും കൂടുതല്‍ അംഗങ്ങളെ ഉള്‍ക്കൊള്ളാനും അതിലൂടെ ഒരുനാടിന്റെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും വായനശാലയുടെ പഴയ പ്രൗഡി വീണ്ടെടുക്കാനും നിലവിലെ ഭരണസമിതി തയ്യാറാകണമെന്നും മങ്കട പൊതുജനവായനശാല രൂപംകൊണ്ട് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞ് രൂപം കൊണ്ട കടന്നമണ്ണ ഐ.എഫ്.എസ് വായനശാലയുടെ വളര്‍ച്ച മാതൃയാക്കി ,വിഭാഗിയമായി ചിന്തിക്കാതെ ഒരു നാടിന്റെ കൂട്ടായ്മക്ക് വേദിയാക്കാന്‍ മങ്കട പൊതുജനവായനശാലയെ പ്രാപ്തമാക്കണമെന്നും മങ്കടയുടെ ചരിത്രവും വര്‍ത്തമാനും ചര്‍ച്ചചെയ്യുന്ന മങ്കട ഓണ്‍ലൈന്‍ അഭ്യര്‍ത്ഥിക്കുന്നു.

മങ്കട ഓണ്‍ലൈനിനുവേണ്ടി

മുഹമ്മദ് ഇഖ്ബാല്‍.പി                                                   
(ബ്ലോഗര്‍)
പറച്ചിക്കോട്ടില്‍ ഹൗസ്
മങ്കട പി.
ഫോണ്‍:9447354397
06/11/2013
മങ്കട
പകര്‍പ്പ്:മങ്കട ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിന്
ഫെയ്സ്ബുക്ക് പ്രസിദ്ധീകരണത്തിന്
എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക്

Monday 4 November 2013

മങ്കട പൊതുജനവായനശാല പുതിയ കെട്ടിടത്തിലേക്ക്

മങ്കട പൊതുജനവായനശാല പുതിയ കെട്ടിടത്തിലേക്ക്

ഉദ്ഘാടനം :നവംബര്‍ 9 ശനിയാഴ്ച 4pm
മങ്കട ഗവ:ഹൈസ്ക്കൂള്‍ ഓഡിറ്റോറിയം


മങ്കട വായനശാലയുമായി ബന്ധപ്പെട്ട് ബ്ലോഗ് പ്രസിദ്ധീകരിച്ച പോസ്റ്റുകള്‍



മങ്കടയുടെ വിദ്യാഭ്യാസ-സാമൂഹ്യ- സാംസ്കാരിക രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഒരു സ്ഥാപനമാണ് മങ്കട പൊതുജന വായനശാല.1930കളിലാരംഭിച്ച കൃഷ്ണവര്‍മ്മരാജ ഷഷ്ട്യബ്ദപൂര്‍ത്തി വായനശാലയും പിന്നീട്1940കളുടെ അവസാനത്തില്‍ പത്തോളം
വരുന്ന സുമനസ്സുകളുടെ ശ്രമഫലമായി രൂപം കൊണ്ട ഈ സ്ഥാപനം ഇന്ന് ജില്ലയിലെ തന്നെ ഏറ്റവും വലിയ ലൈബ്രറികളിലൊന്നാണ്.മങ്കട ഹൈസ്ക്കൂള്‍,ആശുപത്രി എന്നിവയ്ക് തന്റെ അമ്മയായ കിഴക്കേപ്പാട്ടു ശ്രീദേവിഅമ്മയുടെ പേരില്‍ സ്ഥലം തന്ന ശ്രീ.കെ.രാധാകൃഷ്ണമേനോന്‍ സാമൂഹ്യസേവനരംഗത്ത് നല്കിയ സംഭാവനകള്‍ വിലമതിക്കാനാവത്തതാണ്.എം.സി രാമനാഥവര്‍മ്മ രാജ,കെ.വേലായുധന്‍ നായര്‍.പി അഹമ്മദുകുട്ടി മാസ്റ്റര്‍,എം.എസ് നാരായണയ്യര്‍,എം.ശങ്കരന്‍ നമ്പൂതിരി തുടങ്ങി പിന്നീട് വായനശാലയെ നെഞ്ചിലേറ്റിയ അഹമ്മദലി മാസ്റ്റര്‍,ഗ്രന്ഥശാലസംഘം ജില്ലാസെക്രട്ടറിയായി വായനശാലക്ക് വളരെ ഗുണകരമായി പ്രവര്‍ത്തിച്ചതും സ്മരിക്കേണ്ടതാണ്.വല്ല്യേട്ടന്‍ എന്നു വിളിക്കുന്ന ശ്രീധരപണിക്കര്‍ നീണ്ടകാലം ലൈബ്രേറിയനായി സേവനമനുഷ്ടിക്കുന്നു.1982ലെ സംഗീത നാടക അക്കാദമി ജില്ലാ നാടകോത്സവത്തില്‍ നാടകരചനക്ക് ഒന്നാം സ്ഥാനം നേടിയ ശ്രീ.വി.എം.കൊച്ചുണ്ണി ഈ സാംസ്കാരിക സ്ഥാപനത്തിന്റെ സന്തതിയാണ്. വായനശാലയുടെ പഴയകെട്ടിടം പുതുക്കിപണിയുന്നതിനാല്‍ ഇപ്പോള്‍ താത്കാലിക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.


അഹമ്മദലി മാസ്റ്റര്‍:



വളരെ മുമ്പുതന്നെ വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും മുന്നോട്ടുപോയ ഒരു പ്രദേശമാണ് മങ്കട.മങ്കടയിലെ രാഷ്ട്രീയ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത കൃഷ്ണവര്‍മ്മരാജതൊട്ട് ശ്രീവല്ലഭരാജ,ഉണ്ണീന്‍മുസ്ല്യാര്‍,കോയാധികാരി,മരക്കാരുകുട്ടിഹാജി വരെയുള്ള മഹാന്‍മാരുടെ സേവനങ്ങള്‍ ജനങ്ങള്‍ മറന്നുപോയിരിക്കുന്നു.അടുത്തതലമുറയില്‍പെട്ട ഞങ്ങളെപോലെയുള്ളവര്‍
കുറെകാര്യങ്ങള്‍ നാടിനുവേണ്ടി ചെയ്തിട്ടുണ്ട്.ഇപ്പോഴത്തെ തലമുറക്കിത് പഴങ്കഥയായി തോന്നാം.
വായനശാല
മങ്കടയില്‍ വളരെ മുമ്പുതന്നെ കുറേ വായനശാലകള്‍ ഉണ്ടായി നശിച്ചിട്ടുണ്ട്.അതില്‍ സ്വന്തമായി കെട്ടിടമുണ്ടായിരുന്ന പഴയവായനശാല (ഇപ്പോഴത്തെ ആയൂര്‍വേദ ആശുപത്രി)പെടുന്നു.അത് എങ്ങിനെ പ്രവര്‍ത്തനരഹിതമായി എന്നറിയില്ല.ഞങ്ങള്‍ ഹയര്‍ എലിമെന്ററി സ്കൂളില്‍ പഠിക്കുന്ന സമയത്ത് അത് നല്ല നിലയില്‍ നടന്നിരുന്നു.കുറെ അലമാര,മേശ,ബഞ്ചുകള്‍ ഒക്കെ ഉണ്ടായിരുന്നു.കുറച്ചുകാലത്തിനു ശേഷം അത് പ്രവര്‍ത്തനരഹിതമായി.
പിന്നീടാണ് ആ കെട്ടിടം ആയൂര്‍വേദ ആശുപത്രിയായത്.
ധാരാളം സ്ഥാപനങ്ങള്‍ നശിച്ചുപോയതുകൊണ്ട് ഇത് നശിക്കരുതെന്ന് വാശിയുണ്ടായിരുന്നു.അതുകൊണ്ടു എന്തുത്യാഗം സഹിച്ചും സ്ഥാപനം നിലനിര്‍ത്താന്‍ ‍ഞങ്ങള്‍ ശപഥമെടുത്തു.മാസവരി ഒരുറുപികയായിരുന്നു.ഏതാണ്ട് ഒരുദിവസത്തെ വേതനം.1955മേയില്‍ തുടങ്ങിയെങ്കിലും ജൂലൈമാസത്തിലാണ് മുറിവാടകക്കെടുത്തതും പുസ്തകങ്ങള്‍ ശേഖരിച്ചതും പത്രം വരുത്താന്‍ തുടങ്ങിയതും.ആറ് മാസത്തോളം ആരെയും അംഗമാകാന്‍ കിട്ടിയില്ല.വരിസംഖ്യകൂടിയതും ഒരു കാരണമായിരുന്നു.അഹമ്മദുകുട്ടിമാസ്റ്ററുടെയും മറ്റും ഉപദേശപ്രകാരം പേര് പബ്ലിക്ക് റീഡിംഗ് റൂം ലൈബ്രറി എന്നാക്കി.വരിസംഖ്യ എട്ടണയാക്കി(അന്‍പതു പൈസ).കുറച്ചുപേരൊക്കെ ചേര്‍ന്നു.പിന്നീട് വരിസംഖ്യ നാലണയാക്കി.ഏതായാലും 1956ജനുവരിയില്‍ വാര്‍ഷികാഘോഷം നടത്തി.രാമപുരത്തുകാരന്‍ ശ്രി.
പി.കുഞ്ഞിരാമന്‍(നീലഗിരിയില്‍ ജോലി ചെയ്തിരുന്ന ശ്രി.പി.ആര്‍.എഴുത്തച്ഛന്‍)കുറേ പുസ്തകങ്ങള്‍ സംഭാവനചെയ്തു.പ്രവര്‍ത്തകരുടെ പുസ്തകങ്ങളൊക്കെ വായനശാലയിലെത്തി.ശ്രീ.ബി.കെ നായരുടെ (പി.ബാലകൃഷ്ണന്‍)വലിയ പുസ്തകശേഖരം വായനശാലക്കുതന്നു.സര്‍വ്വശ്രീ കാശിവിശ്വനാഥ വര്‍മ്മരാജ,രാമനാഥ വര്‍മ്മരാജയും സഹോദരന്‍മാരും,അഹമ്മദലി,രാധാകൃഷ്ണമേനോനും കുടുംബവും,.കൃഷ്ണന്‍,ടി.അബ്ദുല്‍ അസീസ്,കപൂര്‍ മുഹമ്മദ്,.കേശവന്‍,രാമചന്ദ്രന്‍,കൊച്ചുണ്ണി,കെ.പി.വര്‍ഗ്ഗീസ് തുടങ്ങിയവരൊക്കെ കൂടുതല്‍ പുസ്തകങ്ങള്‍ തന്നവരില്‍പെടുന്നു.

ശ്രീധരപണിക്കര്‍:


മങ്കട പൊതുജനവായനശാലയില്‍ ഒരിക്കല്ലെങ്കിലും പോയിട്ടുള്ളവര്‍ക്ക് പണിക്കരേട്ടനെ മറക്കാനാവില്ല.പലപ്പോഴും മൂര്‍ച്ചയേറിയ വാക്കുകള്‍ കൊണ്ടാവാം നിങ്ങളെ സ്വീകരിച്ചിട്ടുണ്ടാവുക ഈ പുസ്തകങ്ങളുടെ കാവല്‍ക്കാരന്‍.അദ്ദേഹത്തെ അടുത്തറിയുന്നവര്‍ക്ക് വല്ല്യേട്ടനാണ്.ഒരിക്കല്‍ അന്വേക്ഷിച്ചു ചെന്നപ്പോള്‍ അസുഖമായി കിടപ്പിലായിരുന്നു.അതുകൊണ്ടുതന്നെ കാത്തിരിക്കേണ്ടിവന്നു.അവസാനം ഇന്ന് ആളിനെ കണ്ടെത്തി.എന്നെ കണ്ടമാത്രയില്‍ ഞാന്‍ വായനശാലയില്‍ നിന്നെടുത്ത രണ്ടു പുസ്തകങ്ങള്‍ എവിടെയാണെന്ന ചോദ്യമാണ് നേരിടേണ്ടിവന്നത്.തൃപ്തികരമായ ഉത്തരം നല്കിയപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് സമാധാനമായത്.
ഇതാണ് ശ്രീധരപണിക്കരെന്ന വല്ല്യേട്ടന്‍.സംസാരിക്കാനുള്ള മൂഡിലാണെന്നു തോന്നിയപ്പോള്‍ കുടുംബം,ബാല്യം എന്നിവയെകുറിച്ച് പറഞ്ഞുതന്നു.


1931 ഒക്ടോബര്‍ 8ന് ശ്രി.ഗോവിന്ദനുണ്ണി നായരുടെയും ശ്രീമതി മാധവിക്കുട്ടിയമ്മയുടെയും മകനായി മങ്കടയില്‍ ജനിച്ചു.ഇപ്പോള്‍ 82 വയസ്സ്.നാലുമക്കളായിരുന്നു അദ്ദേഹത്തിന്റെ അമ്മയ്ക്കുണ്ടായിരുന്നത്.ബാല്യം ദുരിതപൂര്‍ണ്ണമായിരുന്നു.
അഞ്ച് വയസ്സുവരെ കിടപ്പിലായിരുന്നു.ആറാം വയസ്സിലാണ്പരസഹായത്തോടെ സ്കൂളില്‍ പോകാനാരംഭിച്ചത്.ആറാം ക്ലാസ് കഴിഞ്ഞതോടെയാണ് ഒറ്റക്ക് സ്കൂളില്‍ പോകാനായത്.1949 ല്‍ എലിമെന്ററി സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് പാസ്സായി.മങ്കടകോവിലകത്ത് രണ്ട് കൊല്ലം ക്ലാര്‍ക്കായി ജോലി ചെയ്തു.പിന്നീട് മങ്കട കൈകുത്തറി കേന്ദ്രത്തില്‍ ജോലിചെയ്തു.സഹോദരന്‍ വി.എം കൊച്ചുണ്ണിമാഷ് മങ്കട വായനശാലയുടെ പ്രവര്‍ത്തകനായിരുന്നപ്പോള്‍ ലൈബ്രേറിയനായി.1968 ലായിരുന്നു വായനശാലയിലേക്ക് വരുന്നത്.അന്നുമുതല്‍ ഇന്നുവരെ പുസ്തകങ്ങളുടെ കാവല്‍കാരനായി വല്ല്യേട്ടനുണ്ട്.45 കൊല്ലം പുസ്തകങ്ങള്‍ക്ക് കാവലായ ഈ മനുഷ്യന് വാര്‍ദ്ധക്യത്തിലും ഏകാന്ത ജീവിതമാണ്.അവിവാഹിതനായതിനാല്‍ ഇപ്പോള്‍ സഹോദരിയോടൊപ്പമാണ് താമസിക്കുന്നത്.വായനശാലയില്‍ നിന്നുംകിട്ടുന്ന തുച്ചമായ വരുമാനമാണ് ആകെയുള്ള ജീവിതമാര്‍ഗ്ഗം.എങ്കിലും പുസ്തകങ്ങളെ പിരിയാനാവാത്തതിനാല്‍ ഇപ്പോഴും പുസ്തകങ്ങളുടെ കാവലാളായി വല്ല്യേട്ടന്‍ ഇവിടെയുണ്ട്.
 
വി.എം.കൊച്ചുണ്ണിമാസ്റ്റര്‍

കവി,കഥാകൃത്ത്,നാടകരചയിതാവ്,സംവിധായകന്‍,ഗായകന്‍ എന്നീനിലകളിലും നീണ്ടകാലം അധ്യാപന ജീവിതത്തിലും തിളക്കമാര്‍ന്ന വ്യക്തിത്വത്തിനുടമയായ വി.എം.കൊച്ചുണ്ണിമാഷിനെ കാണാനായി അദ്ദേഹം ഇപ്പോള്‍ താമസ്സിക്കുന്ന മഞ്ചേരി ചെരണിയിലുള്ള വീട്ടിലേക്ക് പോകണമെന്ന് കരുതിയിരുന്ന സമയത്താണ് മങ്കടയിലുള്ള തറവാട്ടുവീട്ടിലെത്തിയത്.ഇതേ സമയം സഹോദരനും സംഗീത സംവിധായകനുമായ ദാമോദരന്‍ മാഷെ കാണാനായി ഞാന്‍ അവിടെയെത്തിയ സന്ദര്‍ഭമായിരുന്നു അത് . തേടിയവള്ളി കാലില്‍ ചുറ്റിയ സന്തോഷത്തേടെയാണ് മാഷോട് കാര്യങ്ങള്‍ സംസാരിച്ചത്.എന്റെ സന്തോഷം നിങ്ങളുമായി പങ്കു വെയ്ക്കട്ടെ.1934ജനുവരി 16നാണ് മാഷിന്റെ ജനനം.അച്ഛന്‍ ശ്രീ.ഗോവിന്ദനുണ്ണി നായര്‍ ,അമ്മ ശ്രീമതി മാധവിക്കുട്ടിയമ്മ.മാഷിനിപ്പോള്‍ എണ്‍പത് വയസ്സായി.1953ല്‍ അണ്‍ട്രെയിന്‍ഡ് അധ്യാപകനായും പിന്നീട് sslc എഴുതിയെടുത്ത് യോഗ്യതയോടെയും അധ്യാപകസേവനത്തിലേക്ക് കടന്നുവന്നു.പുളിക്കല്‍പറമ്പ എ.എം.എല്‍.പി സ്കൂളിലായിരുന്നു സേവനം.36കൊല്ലം അധ്യാപകനായ കൊച്ചുണ്ണി മാസ്റ്റര്‍ 33കൊല്ലവും ഒന്നാംക്ലാസ്സിലെ അധ്യാപകനായിരുന്നു എന്നത് ഏറെ സവിശേഷതയുള്ള ഒന്നായിരുന്നു.65 വയസ്സുള്ള ശിഷ്യന്‍മാര്‍ തനിക്കുണ്ടെന്ന് മാഷു പറയുമ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യസമ്പത്ത് എത്രയായിരിക്കുമെന്ന് ഊഹിക്കാവുന്നതെയുള്ളൂ.1989ല്‍ അധ്യാപകസേവനത്തില്‍ നിന്നും വിരമിച്ചു.”കണിക്കൊന്ന”എന്നപ്പേരില്‍ കുട്ടികളുടെ കവിതാസമാഹാരവും "മരീചിക” എന്ന നാടകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.1982ല്‍ മരീചികക്ക് കേരളാസംഗീതനാടക അക്കാദമിയുടെ മികച്ച നാടക സംവിധാനത്തിനുള്ള അവാര്‍ഡ് ലഭിച്ചു.
എട്ട് പ്രധാനനാടകങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്.ബാലസാഹിത്യത്തില്‍ ഏറെ ശ്രദ്ധകൊടുക്കുന്ന മാഷ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലയിലെ പ്രധാന പ്രവര്‍ത്തകരില്‍ ഒരാളാണ്.1970 മുതല്‍ മെമ്പറായ മാഷ് രണ്ട് വര്‍ഷം പരിഷത്തിന്റെ ജില്ലാസെക്രട്ടറിയായിരുന്നു.ഈ എണ്‍പതാം വയസ്സിലും വിശ്രമമില്ലാതെ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കായി ഓടിനടക്കുന്ന മാഷിന്റെ നേതൃത്വത്തിലാണ് പരിഷത്ത് മുണ്ടേരി ജലസംരക്ഷണജാഥ നയിച്ചത്.വിദ്യാരംഗം സ്കൂള്‍ കലാസാഹിത്യവേദിയിലും സജീവമായ ഇദ്ദേഹം ഇപ്പോഴും സ്കൂളുകളില്‍ കുട്ടികളുമായി സംവദിക്കുന്നു.നാടന്‍പാട്ടുകള്‍ ചൊല്ലുന്നതിലും മാഷ് മുന്നില്‍തന്നെയുണ്ട്.
മങ്കടയുടെ ചരിത്രവുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ പറയാനറിയുന്ന മാഷിന് കോയ അധികാരിയേയും ഉണ്ണീന്‍ മുസ്ല്യാരെയും കുറിച്ച് പറയാനേറെ.വളരെയേറെ വ്യക്തിബന്ധം സൂക്ഷിച്ചിരുന്ന ഒരാളായിരുന്നു കോയഅധികാരിയെന്നും നോമ്പിന് പത്തിരിയും തരികഞ്ഞിയും കൃത്ത്യമായി ഒരുതവണ തറവാട്ടു വീട്ടില്‍ എത്തിക്കാറുണ്ടായിരുന്നെന്നും അതുപോലെ ഉത്രാടത്തിനു പായസമുള്‍പ്പെടെയുള്ള വിഭവങ്ങള്‍ അമ്മ കോയഅധികാരിക്കു നല്‍കാറുണ്ടായിരുന്നതും മാഷ് ഓര്‍മ്മിച്ചെടുത്തു.ഉണ്ണീന്‍ മുസ്ല്യാര്‍ വളരെ സൗമ്യനും പതുക്കെ എല്ലാകാര്യങ്ങളും ചോദിച്ചു മനസ്സിലാക്കിയിരുന്നതായും മാഷ് പറഞ്ഞു.മങ്കടയിലുണ്ടായിരുന്ന ചന്തകുളം മാഷിന്റെ മുത്തശ്ശനായിരുന്ന വയങ്കരമുണ്ടേക്കോട് കടുങ്ങുണ്ണിപണിക്കരാണ് നിര്‍മ്മിച്ചത്.ഇത്തരത്തിലുള്ള ഏഴ് കുളങ്ങള്‍ മങ്കടയുടെ സമീപഗ്രാമങ്ങളിലും അദ്ദേഹം സ്ഥാപിച്ചതായി പറയുന്നു.
മങ്കട കോവിലകത്തിലെ താവഴികളെ കുറിച്ച് നല്ല ധാരണകളുള്ള മാഷില്‍നിന്നും വളരെയേറെ വിവരങ്ങള്‍ ശേഖരിക്കാനായി.മങ്കട വായനശാലയുടെ അമരക്കാരിലൊരാളായ കൊച്ചുണ്ണിമാഷ് ഇപ്പോള്‍ താമസ്സിക്കുന്നത് മഞ്ചേരിയിലെ ചെരണിയിലാണ്.രണ്ട് ആണ്‍കുട്ടികള്‍.അനിലും സുനിലും.വിശ്രമജീവിതം വിശ്രമരഹിതമാക്കിയ വി.എം.കൊച്ചുണ്ണിമാഷിനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ എന്റെ പുറത്തുതട്ടി ആശിര്‍വദിച്ചപ്പോള്‍ മനസ്സിലുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല.പഴയ തലമുറയിലെ ഒരു അധ്യാപകന്റെ അംഗീകാരമായിരുന്നു അത്.