flash news

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചിത്രങ്ങള്‍ mankadablog@gmail.com ലേക്ക് അയക്കുകമങ്കടയെ സംബന്ധിച്ചുള്ള ചരിത്രം,വ്യക്തികള്‍,സംഭവങ്ങള്‍ എന്നിവ പൂര്‍ണ്ണമല്ല...അയച്ചുതരികDAILY UPDATE....DAILY VISIT...COMMENT ..

TODAYS SPECIAL

പുതിയ വാര്‍ത്തകള്‍ വളരെ വേഗത്തില്‍ നിങ്ങളുടെ മുന്നില്‍....

Friday 30 May 2014

വിദ്യാഭ്യാസ വാര്‍ത്ത


                 Higher Secondary Single -    Window-2014


ഏകജാലകം വഴിയുള്ള ഹയര്‍ സെക്കണ്ടറി പ്രവേശന നടപടികള്‍ക്ക് തുടക്കമാകുന്നു. ഇത്തവണ ഓണ്‍ലൈനിലൂടെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്.ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും (പ്രിന്റൗട്ടില്‍ വിദ്യാര്‍ഥിയും രക്ഷകര്‍ത്താവും ഒപ്പിട്ടിരിക്കണം) ബന്ധപ്പെട്ട രേഖകളും  അപേക്ഷാ ഫീസും Rs 25 (25 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയാലും മതി)സഹിതം ഏത് ജില്ലയിലേക്കാണോ അപേക്ഷിക്കുന്നത് ആ ജില്ലയിലെ ഏതെങ്കിലും ഒരു ഹയര്‍സെക്കണ്ടറി സ്കൂളില്‍ ജൂണ്‍ 12-നകം നല്‍കണം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്കായി പ്രിന്റ് ചെയ്ത അപേക്ഷാഫോമും പ്രോസ്പെക്‌ടസും ജൂണ്‍ ആദ്യവാരത്തോടെ സ്കൂളുകളില്‍ നിന്നും ലഭിക്കുന്നതാണ്.
ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കുന്നതിന് മുമ്പ് പ്രോസ്‌പെക്‌ടസും നിര്‍ദ്ദേശങ്ങളും വായിച്ച് മനസിലാക്കണം.
പ്രോസ്‌പെക്ടസ് ലഭിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷാ ഫീസ് Rs 25 ഡിമാന്‍ഡ് ഡ്രാഫ്റ്റ് ആയി പ്രിന്റ്ഔട്ടിനൊപ്പം സമര്‍പ്പിക്കണം.
അഡ്മിഷനുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഇവിടെ നിന്നും ലഭിക്കുന്നതാണ്
അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള വെബ്‌സൈറ്റ് വിലാസം http://www.hscap.kerala.gov.in/
How to Apply Online?
Click Here for WGPA Calculator
Click Here for Sports Quota Admission details 
SAMPLE APPLICATION FORM
അഡ്‌മിഷന്‍ പ്രവര്‍ത്തനഷെഡ്യൂള്‍
അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാനദിവസം: 12/06/2014
ട്രയല്‍ അലോട്ട്മെന്റ്  പ്രസിദ്ധീകരിക്കുന്ന ദിവസം :23/06/2014
ആദ്യ അലോട്ട്മെന്റ്                                   :30/06/2014
ക്ലാസുകള്‍ ആരംഭിക്കുന്നത്                            14/07/2014.
ശ്രദ്ധിക്കേണ്ട വസ്തുതകള്‍
  1. ഒരു ജില്ലയിലേക്ക് ഒരു അപേക്ഷ മാത്രമേ സമര്‍പ്പിക്കാവൂ
  2. ഒരു വിദ്യാര്‍ഥിക്ക് ഒന്നിലധികം ജില്ലകളിലേക്ക് പരിഗണിക്കമമെങ്കില്‍ ഓരോ ജില്ലയിലേക്കും പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ അതത് ജില്ലകളില്‍ നല്‍കണം
  3. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷാഫോമിന്റെ വിലയായ 25 രൂപ പ്രിന്റൗട്ടിന്റെ ഒപ്പം സമര്‍പ്പിക്കണം. മറ്റുള്ളവര്‍ക്ക് 25 രൂപ നല്‍കിയാല്‍ അപേക്ഷാഫോമും പ്രോസ്പെക്‌ടസും ജൂണ്‍ ആദ്യ ആഴ്ചയില്‍ ഹയര്‍ സെക്കണ്ടറി സ്കൂളുകളില്‍ നിന്നും ലഭിക്കുന്നതാണ്.
  4. സി ബി എസ് ഇ പത്താം തരം പാസായവര്‍ CBSE യുടെ ബോര്‍ഡ് തല പരീക്ഷ എഴുതിയവരാകണം. ഇവര്‍ ബോര്‍ഡ് പരീക്ഷയാണെഴുതിയത് എന്ന നിശ്ചിത മാതൃകയിലുള്ള സാക്ഷ്യപത്രം (Annexure VIII) അമ്പത് രൂപയുടെ മുദ്രപത്രത്തില്‍ തയ്യാറാക്കി അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം.
  5. അപേക്ഷഫോറം സമര്‍പ്പിക്കുമ്പോള്‍ സ്കൂളില്‍ നിന്നും ഒപ്പും സീലും വെച്ച് തിരികെ നല്‍കുന്ന Acknowledgement Slip പ്രവേശനനടപടികള്‍ പൂര്‍ത്തിയാകുന്നതുവരെ സൂക്ഷിച്ചു വെക്കേണ്ടതാണ്.  പ്ലസ് വണ്‍ അപേക്ഷകള്‍ക്കായി ഹെല്‍പ്പ് ഡെസ്‌ക്ക്
    ഹയര്‍ സെക്കണ്ടറി പ്ലസ് വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്കും രക്ഷാകര്‍ത്താക്കള്‍ക്കും ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന ഫോക്കസ് പോയിന്റ് (ഹെല്‍പ്പ് ഡസ്‌ക്കുകള്‍) തിരഞ്ഞെടുത്ത സ്‌കൂളുകളില്‍ മേയ് 31 വരെ പ്രവര്‍ത്തിക്കും. പ്ലസ് വണ്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും വിവിധ സബ്ജക്ട് കോമ്പിനേഷനുകള്‍, ഓരോ വിഷയത്തിന്റെയും ഉപരി പഠന - തൊഴില്‍ സാധ്യതകള്‍, ഓണ്‍ലൈന്‍ വഴി അപേക്ഷിക്കുന്നതിനുളള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്നതിനും സ്‌കൂളുകള്‍ തെരഞ്ഞെടുക്കന്നതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരികരിക്കുന്നതിനും വിദഗ്ധരായ പരിശീലനം സിദ്ധിച്ച അദ്ധ്യാപകരുടെ സേവനം ഫോക്കസ് പോയിന്റ് സെന്ററുകളില്‍ ഉറപ്പാക്കിയിട്ടുണ്ട്

Monday 26 May 2014

hamza mater


തയ്യില്‍ ഹംസമാസ്റ്റര്‍- തലമുറകളുടെ വഴിക്കാട്ടി
തയ്യാറാക്കിയത്:ഇഖ്ബാല്‍ മങ്കട


സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും തലമുറകള്‍ക്ക് ശാസ്ത്ര വിഷയങ്ങളില്‍ വഴിക്കാട്ടിയുമായ തയ്യില്‍ ഹംസമാസ്റ്റര്‍ വിശ്രമ ജീവിതത്തിലും സജീവമായി സമൂഹത്തില്‍ ഇടപ്പെട്ടുകൊണ്ടിരിക്കുന്നു. മങ്കടപൊതുജനവായനശാലയുടെ ജനറല്‍ബോഡി മീറ്റിംഗില്‍ പങ്കെടുക്കാനെത്തിയ ഹംസമാസ്റ്ററോ‍ട് മങ്കട ഓണ്‍ലൈനിനുവേണ്ടി മാഷുടെ കുറച്ച് വിവരങ്ങള്‍ വേണമെന്ന് പറഞ്ഞപ്പോള്‍ ,"ഞാന്‍ അത്രകൊയ്ക്കെ ആയോ "എന്ന് തന്റേതായ ശൈലിയില്‍ കണ്ണൊന്നടച്ചുകൊണ്ടു സൗമ്യമായി പറഞ്ഞപ്പോള്‍ മാസങ്ങള്‍ക്കു മുമ്പേ ഞാന്‍ സാറിനോടു ഈ വിഷയം സൂചിപ്പിച്ചിരുന്നു എന്നു പറഞ്ഞതോടെ കാര്യം എളുപ്പമായി.
സാമ്പത്തികമായി പിന്നോക്കം നിന്നിരുന്ന ഒരു കുടുംബത്തില്‍ നിന്നും 1962 കാലഘട്ടത്തില്‍ കോളേജ് പഠനത്തിനുപോയ മിടുക്കരായ ഇരട്ടകുട്ടികള്‍ക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങള്‍ വിവരണാധീതമായിരിയ്ക്കും.പ്രതിബന്ധങ്ങളെ തട്ടിമാറ്റി ലക്ഷ്യത്തിലേക്കെത്താന്‍ ദൃഢനിശ്ചയംമാത്രമായിരുന്നു കൈമുതല്‍.

തയ്യില്‍ കമ്മാലിയുടെയും ബീവിഉമ്മയുടെയും അവസാനത്തെ സന്തതികള്‍ ഇരട്ടകുട്ടികളായിരുന്നു.ഹംസയും മുഹമ്മദും.1946 ജൂലൈ 15നായിരുന്നു ജനനം.പഠനത്തിലും രണ്ടുപേരും മികച്ചുനിന്നു.1962-63 ല്‍ SSLCയും 63-64ല്‍ പ്രീയൂണിവേഴ്സിറ്റിയും പിന്നീട് ബി.എസ്.സി ഡിഗ്രിയും 1968ല്‍ഫാറൂഖ് ട്രോയിനിംഗ് കോളേജില്‍ നിന്ന് ബി.എഡും കരസ്ഥമാക്കി.ഇതിനിടയില്‍ ഒരു വര്‍ഷം അണ്‍ട്രെയിന്‍ഡ് ടീച്ചറായി ജോലിയും ചെയ്തു.

1969ലാണ് പാലക്കാട് ജില്ലയിലെ തോലന്നൂര്‍ ഹൈസ്ക്കൂളില്‍ അധ്യാപകനായി ആദ്യമായി സര്‍ക്കാര്‍ ജോലിയിലെത്തുന്നത്. അഞ്ചുദിവസം മാത്രമാണ് അവിടെ ജോലി ചെയ്തത്.പിന്നീട് ഒരു വര്‍ഷത്തോളം ചിറ്റൂര്‍ ജെ.ടി.എസിലായിരുന്നു.1970ലാണ് മങ്കടയില്‍ ഹൈസ്ക്കുള്‍ അധ്യാപകനായി എത്തിയത്.അധ്യാപനത്തിന്റെ മികവില്‍ വളരെ പെട്ടെന്നു തന്നെ ശിഷ്യരില്‍, മികച്ച അധ്യാപകന്‍ എന്ന ഖ്യാതിയുണ്ടാക്കി. 25 വര്‍ഷക്കാലത്തോളം മങ്കടഹൈസ്ക്കുളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര വിഷയങ്ങള്‍ ലളിതമായ പഠനപ്രവര്‍ത്തനങ്ങളിലൂടെ മനസ്സിലാക്കികൊടുത്തു.നമ്മള്‍ കഴിക്കുന്ന ബിരിയാണി രസതന്ത്രത്തില്‍ മിശ്രിതം എന്നതിനുദാഹരണമാണെന്ന് അദ്ദേഹത്തിന്റെ നാവിന്‍തുമ്പില്‍ നിന്നും കേട്ട ഒരു വിദ്യാര്‍ത്ഥിയാണു ഞാന്‍.1983ല്‍ കേട്ടത് എന്റെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നുവെങ്കില്‍ ആയിരകണക്കിനു ശിഷ്യര്‍ക്കു നല്‍കിയ അറിവിന്റെ ആഴം എത്രയായിരിയ്ക്കും!.അധ്യാപകനായി സേവനമനുഷ്ടിക്കുന്നഘട്ടത്തില്‍ തന്നെ അധ്യാപക പരിശീലനത്തിന്റെ റിസോഴ്സ് പേഴ്സണായി പ്രവര്‍ത്തിച്ചു.

1995ല്‍ 25 വര്‍ഷത്തെ ഹൈസ്ക്കൂള്‍ അസിസ്റ്റന്റ് എന്ന പദവിക്ക് ശേഷം സ്ഥാനകയറ്റം ലഭിക്കുകയും DPEP കോര്‍ഡിനേറ്ററായി പെരിന്തല്‍മണ്ണയിലെത്തുകയും ചെയ്തു..1996ല്‍ മഞ്ചേരി ഗവ:ബോയ്സ് ഹൈസ്ക്കൂളില്‍ പ്രധാന അധ്യാപകനായി.1998ല്‍ പ്രധാന അധ്യാപകനായി മങ്കടയിലേക്ക് വന്നു.ഹംസമാസ്റ്റര്‍ മങ്കടയിലെത്തിയതോടെ സ്കൂളിന്റെ അക്കാദമികവും ഭരണപരവുമായ മേഖലയിലുണ്ടായ ഗുണപരമായ മാറ്റം എടുത്തുപറയേണ്ടതാണ്.2001ല്‍ മികച്ചസേവനത്തിനുള്ള സംസ്ഥാന അധ്യാപക അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി.മങ്കട ഹൈസ്ക്കൂളിനെ സംബന്ധിച്ചിടത്തോളം എക്കാലത്തേയും മികച്ച അംഗീകാരങ്ങളിലൊന്നായിരുന്നു അത്.1992 ല്‍ സ്റ്റേറ്റ് സിലബസ് കമ്മിറ്റി മെമ്പറായും 1999ല്‍ താലൂക്കിലെ ബെസ്റ്റ്ടീച്ചറായും തെരഞ്ഞെടുക്കപ്പെട്ടു.2002ല്‍ മങ്കട ഗവ:ഹൈസ്ക്കൂളില്‍ നിന്നും പ്രധാന അധ്യാപകനായി സര്‍വ്വീസില്‍ നിന്നും വിരമിച്ചു.തുടര്‍ന്നും പന്ത്രണ്ടു വര്‍ഷത്തോളം വിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിച്ചു.ഭാര്യ മെഹറുന്നീസ ടീച്ചര്‍ പാലക്കാട് ജില്ലാവിദ്യാഭ്യാസ ഓഫീസറായി സര്‍വ്വീസില്‍ നിന്നും വിരമിച്ചു.
മക്കള്‍ ഡോ.ബിജു.ടി.ഹംസ,ബീന. ഹംസ മാസ്റ്റര്‍ ഇപ്പോള്‍ കുടംബത്തോടൊപ്പം വിശ്രമ ജീവിതം നയിക്കുന്നു.



Sunday 25 May 2014

library


മങ്കട പൊതുജനവായനശാല-ജനറല്‍ ബോഡി




നീണ്ടവര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷം മങ്കട പൊതുജനവായനശാലയുടെ ജനറല്‍ബോഡി വിളിച്ചുകൂട്ടി.പുതിയതായി നിലവില്‍ വന്ന ഭരണസമിതിയുടെ പ്രവര്‍ത്തനറിപ്പോര്‍ട്ടും വരവ്-ചെലവുകളും ബഡ്ജറ്റും അവതരിപ്പിച്ചു.അജണ്ടയിലെ പ്രധാന ഇനമായിരുന്ന ബൈലോ ഭേദഗതികള്‍ രണ്ടും അംഗീകരിച്ചു.വരും വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങളുടെ കരട് രൂപം തയ്യാറാക്കുകയും ചെയ്തു.മങ്കട പൊതുജനവായനശാലയുടെ സജീവപ്രവര്‍ത്തനങ്ങള്‍ക്കായി വായന ഇഷ്ടപ്പെടന്ന സാംസ്കാരിക പ്രവര്‍ത്തങ്ങളില്‍ താല്‍പര്യമുള്ള മങ്കട പഞ്ചായത്തിലെ ഏതൊരാള്‍ക്കും അംഗത്വം കൊടുക്കുന്നതിനും അംഗങ്ങളുടെ കൂട്ടായ്മയില്‍ വായനശാലയെ അറിയപ്പെടുന്ന ഒരു സാംസ്കാരിക കേന്ദ്രമാക്കാനും തീരുമാനിച്ചു.നിലവില്‍ നേരിടുന്ന പോരായ്മകള്‍ പരമാവധി പരിഹരിക്കാനുള്ള തീവ്രശ്രമങ്ങള്‍ക്ക് എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിച്ചു.ഭരണസമിതി അംഗം ശ്രീ.മുഹമ്മദലി സ്വാഗതവും സെക്രട്ടറി ശ്രീ.ഗോപാലന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ച യോഗത്തില്‍ പ്രസിഡന്റ് ശ്രീ.അരവിന്ദന്‍ അധ്യക്ഷനായിരുന്നു.എക്സിക്യൂട്ടിവ് അംഗം അഡ്വ.സുകൃത റജീഷ് നന്ദി പറഞ്ഞു.

മങ്കട പൊതുജനവായനശാലയിലെ പഴയ തലമുറയുടെ ഒരു ഒത്തുച്ചേരല്‍ വേദികൂടിയായി മാറി ഈ ജനറല്‍ബോഡി.

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്

വായന ഇഷ്ടപ്പെടന്ന സാംസ്കാരിക പ്രവര്‍ത്തങ്ങളില്‍ താല്‍പര്യമുള്ള മങ്കട പഞ്ചായത്തിലെ ഏതൊരാള്‍ക്കും അംഗത്വം കൊടുക്കുന്നതിനു തീരുമാനിച്ചിരിക്കുന്നു.അംഗത്വത്തിനുള്ള നിര്‍ദ്ദേശങ്ങള്‍ താഴെ നല്‍കുന്നു

രക്ഷാധികാരി അംഗത്വം

2500 രൂപ ഒരുമിച്ച് അടക്കണം
വരിസംഖ്യ നല്‍കേണ്ടതില്ല
ഒരു സമയം രണ്ടു പുസ്തകങ്ങള്‍ എടുക്കാം.

ജീവകാലാംഗം

1000രൂപ ഒരുമിച്ച് അടക്കണം
വരിസംഖ്യ നല്‍കേണ്ടതില്ല
ഒരു സമയം രണ്ടു പുസ്തകങ്ങള്‍ എടുക്കാം.

സാധാരണ അംഗം

250 രൂപ ഡിപ്പോസിറ്റും
50രൂപ പ്രവേശനഫീസും
10 രൂപ പ്രതിമാസ വരിസംഖ്യയും
ഒരു സമയം ഒരു പുസ്തകം എടുക്കാം.

മങ്കടയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളുമായി ഒത്തുച്ചേര്‍ന്ന് സൗജന്യമായി വായനസൗകര്യം ഒരിക്കിയിരിക്കുന്നു.


Friday 23 May 2014

byelection

മങ്കട ബ്ലോക്ക് ഡിവിഷന്‍ (4)ഉപതെരഞ്ഞെടുപ്പ് ഫലം

ദീപ വേട്ടേക്കുത്ത്

മങ്കട: ബ്ലോക്ക് ഡിവിഷനില്‍ (4)നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്.സ്ഥാനാര്‍ത്ഥി മുസ്‌ലിം ലീഗിലെ ദീപ വേട്ടേക്കുത്ത് 672 വോട്ടു ഭൂരിപക്ഷത്തില്‍ വിജയിച്ചു. പട്ടികജാതി സംവരണമുള്ള ഈ ഡിവിഷനില്‍ നിന്നും മെമ്പറായിരുന്ന മുസ്‌ലിംലീഗിലെ കളത്തുംപടിയന്‍ അനില്‍കുമാര്‍ മരണപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. മങ്കട കൂട്ടില്‍ സ്വദേശി വേട്ടേകുത്ത് രാമചന്ദ്രന്റെ ഭാര്യയാണ് ദീപ.


സ്ഥാനാര്‍ത്ഥി
പാര്‍ട്ടി
ലഭിച്ചവോട്ട്
1
ദീപ വോട്ടേക്കുത്ത്
മുസ്ലീംലീഗ്
3307
2
മേലോട്ടുംകാവില്‍ മോഹന്‍ദാസ്
സി.പി.എം
2635
3
എസ്.രോഹിണി
വെല്‍ഫയര്‍ പാര്‍ട്ടി
536
4
പുഞ്ചത്തിയില്‍ സുബിന്‍
ബി.ജെ.പി
351
ലീഡ്
672

മങ്കട പഞ്ചായത്തിലെ ഒന്‍പത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് മങ്കട ബ്ലോക്ക് ഡിവിഷന്‍. രണ്ടായിരത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷമാണ് ഈ ഡിവിഷനില്‍ യു.ഡി.എഫിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നത്. ആകെയുള്ള ഒന്‍പത് പഞ്ചായത്ത് വാര്‍ഡുകളില്‍ ഏഴ് വാര്‍ഡുകള്‍ യു.ഡി.എഫിന്റ സിറ്റിങ് സീറ്റുകളാണ്. രണ്ട് വാര്‍ഡുകള്‍ മാത്രമാണ് ഇടതു പക്ഷത്തിനുള്ളത്.

Wednesday 21 May 2014

reply

മങ്കടഓണ്‍ലൈന്‍ നിയമവിരുദ്ധമായി പകര്‍ത്തിയ സുഹൃത്തിനു അവസാനം തെറ്റുമനസ്സിലാവുകയും 
പകര്‍പ്പുകള്‍ സൈറ്റില്‍ നിന്നും പിന്‍വലിക്കുകയുംചെയ്തു
എനിക്കയച്ച ക്ഷമാപണ സന്ദേശം വായനക്കാര്‍ക്കായി പ്രസിദ്ധീകരിക്കുന്നു.


nattuvishesham mankada

9:47 PM (10 hours ago

I AM  very sory... ennodu kshamikkanam .jnan cheythathu tikachum kutakaramanu...but enikku arivillaymakondu cheuthu poyathanu.siber niyamangale kurichu enikku ariyumayirunnilla.edhuoralkkum oruthettu pattumallo.itheratthilulla thettu pattilla ennuenikariyam, ennalum ennodu porukkuka.sory.sory.sory.........


എന്റെ മറുപടി
 
പ്രിയസുഹൃത്തേ
                 താങ്കളുടെ ക്ഷമാപണം  സൗഹൃദത്തോടെ സ്വീകരിക്കുന്നു.മങ്കടഓണ്‍ലൈന്‍ എന്നത് നേരംപോക്കിനായി ഉണ്ടാക്കിയതല്ല.സാമൂഹ്യശാസ്ത്രത്തില്‍ പ്രാദേശികചരിത്രരചന എന്നൊരു സംഭവമുണ്ട്.അതിന്റെ അടിസ്ഥാനത്തില്‍ മങ്കടയുടെ ചരിത്രം പഠിക്കാന്‍ ആഗ്രിക്കുന്നവര്‍ക്കായി തയ്യാറാക്കിയ ഒരു പ്ലാറ്റ് ഫോംമാണത്.എന്തായാലും തങ്കളുടെ സഹകരണവും ഇതിനുവേണം.നിങ്ങളുടെ കഴിവ് എന്തുകൊണ്ട് ഏലച്ചോലഭാഗത്തെ വിവരങ്ങള്‍ ശേഖരിക്കാന്‍ ഉപയോഗിച്ചുകൂടാ?മങ്കടഓണ്‍ലൈനിനോടൊപ്പം പ്രതിഫലേഛയില്ലാതെ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അറീക്കുക.call me 9447354397

fake blog


അന്യായമായ പകര്‍പ്പെടുക്കല്‍ മാനസികരോഗമോ?


ഫെയ്സ്ബുക്കില്‍ ഒരാളുടെ സൃഷ്ടി ഒരു പോസ്റ്റായി വന്നാല്‍ അതുലൈക്ക് ചെയ്യാനും ഷെയര്‍ചെയ്യാനും താല്‍പര്യങ്ങള്‍ക്കനുസരിച്ച് (നിയമവിധേയമായി)അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതും സാധാരണ സംഭവമാണ്. മാസങ്ങളോളംകഠിനാധ്വാനം ചെയ്ത് ശേഖരിക്കുകയും പഠനങ്ങള്‍ നടത്തുകയും തുടര്‍ന്ന് പൊതുനന്മയ്കായി സൈറ്റുകളിലും ബ്ലോഗുകളിലും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍ ചിലരെങ്കിലും ആവശ്യാനുസരണം ഉപയോഗപ്പെടുത്തുന്നുമുണ്ട്.എന്നാല്‍ ഉപയോഗപ്പെടുത്തുന്നതിനു മുമ്പായി അനുവാദം വാങ്ങിക്കുകയോ അതുമല്ലെങ്കില്‍ കടപ്പാട് എന്ന ലേബലില്‍ തയ്യാറാക്കിതന്ന സൈറ്റിനോടോ വ്യക്തിയോടോ ഒരു നന്ദിയെങ്കിലും രേഖപ്പെടുത്തുന്ന പതിവും കാണാറുണ്ട്.
പൊതുനന്മക്കായി ഉപയോഗപ്പെടുത്തുന്നതാകുമ്പോള്‍ ഇതൊക്കെ കണ്ണടയ്ക്കപ്പെടുന്നതായി കാണുന്നു.എന്നാല്‍ കഴിഞ്ഞ ദിവസം എനിയ്ക്കുണ്ടായ ഒരനുഭവം(ദുരനുഭവം) വായനക്കാരുമായി പങ്കുവെയ്ക്കട്ടെ.


മങ്കടയുടെ ലഭ്യമായ ചരിത്രവും വര്‍ത്തമാനവും ഒരു പൊതുബാനറില്‍ എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞാന്‍ കഴിഞ്ഞ ഒരുവര്‍ഷമായി www.mankadaonline.blogspotഎന്ന ബ്ലോഗിലൂടെ ശ്രമിക്കുന്നത്. ലഭ്യമായ ചരിത്രഗ്രന്ഥങ്ങള്‍ ഡിജിറ്റലൈസ് ചെയ്യാന്‍ ബ്ലോഗിനു കഴിഞ്ഞു.ഇതുവരെ മങ്കടയില്‍ രേഖപ്പെടുത്താതിരുന്ന വര്‍ത്തമാന കാല വിഷയങ്ങള്‍ ബ്ലോഗ് പുറത്തുകൊണ്ടുവന്നു.ഒരു വര്‍ഷം കൊണ്ടു ഞാന്‍പ്രതീക്ഷിച്ചതിലധികം വായനക്കാരും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍ക്കുന്ന നല്ല സുഹൃത്തുകളും ബ്ലോഗിനുണ്ടായി.
ചുരുക്കത്തില്‍ മങ്കടയുടെ ചരിത്രവും വര്‍ത്തമാനവും ഡിജിറ്റലൈസ് ചെയ്യപ്പെട്ട ആദ്യ സംരഭമായി ഈ ബ്ലോഗ് മാറിയിരിക്കുന്നു.

മങ്കടയെകുറിച്ച് ആധികാരികമായി ആരെങ്കിലും രേഖപ്പെടുത്തീട്ടുണ്ടോ എന്ന് പരിശോധിക്കാനായി നെറ്റില്‍ സെര്‍ച്ച് ചെയ്തപ്പോഴാണ് www.nattuvisesham mankada.com എന്ന ബ്ലോഗ് കണ്ടത്.ചരിത്രം എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പോഴാണ് ഞാന്‍ ഞെട്ടിയത്.ഓരോ വരികളും ഞാനെഴുതിയപ്പോലെ!ഓരോ വരികളും വായിക്കുതോറും എനിക്കുണ്ടായ അമ്പരപ്പ് പറഞ്ഞറീയ്കാനാവില്ല. മോഷണം ചെറുതായ തോതിലല്ല,മുഴുവനുമാണ്.ഒരുകാര്യം എനിക്കു മനസ്സിലായി സൈബര്‍ നിയമങ്ങളെ കുറിച്ചു തികച്ചും അജ്ഞനായ ഒരാളാണ് ഇതിനു പിന്നിലെന്ന്.എന്തായാലും ബ്ലോഗറെ കണ്ടെത്താനായി ശ്രമിച്ചപ്പോള്‍ യാതൊരു വിധ കോണ്‍ടാക്റ്റ് നമ്പറുകളും രേഖപ്പെടുത്തിയതായി കണ്ടില്ല.പക്ഷേ മറ്റൊരു ലിങ്കില്‍ ഫെയ്സ്ബുക്കിലേക്കുള്ള ഒരഭ്യര്‍ത്ഥനകണ്ടു."മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ഒരു ബ്ലോഗ് നിങ്ങള്‍ക്കുമുമ്പിലേക്കു വരുന്നു …..."എന്നുതുടങ്ങുന്ന മങ്കട ഓണ്‍ലൈനിന്റെ അഭ്യര്‍ത്ഥനയും കോപ്പിയടിച്ച് ടിയാന്‍ വിവരങ്ങള്‍ അയച്ചുകൊടുക്കാനായി www.informationconnect1@gmail.com എന്ന അഡ്രസും 9946716495 എന്ന നമ്പറും നല്‍കീട്ടുണ്ട്.'പ്രതിഭയെ' കണ്ടെത്താനായി എന്റെ അടുത്ത ശ്രമം.ആദ്യം വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തയാള്‍ മറ്റൊരു നമ്പറില്‍ നിന്നും വിളിച്ചപ്പോള്‍ പ്രതികരിച്ചു.ബ്ലോഗ് നന്നായിട്ടുണ്ടെന്നും അഭിനന്ദിക്കാനായി വിളിച്ചതാണെന്നും പറഞ്ഞപ്പോള്‍ ആളു വാചാലനായി.പിന്നീട് എന്റെ ഐഡന്റിറ്റി വെളിപ്പെടുത്തുകയും സൈബര്‍ നിയമത്തിന്റെ സാധ്യതകള്‍ സൂചിപ്പിക്കുകയും ചെയ്തതോടെ ഈ പ്രതിഭ മാപ്പുചോദിക്കാന്‍ തുടങ്ങി.എനിക്കു പരിചയമില്ലെങ്കിലും എന്റെ നാട്ടുക്കാരന്റെ ഈ 'കഴിവ്' അംഗീകരിച്ചു കൊണ്ടുതന്നെ പറയട്ടെ ടിയാനുള്ള മറുപടി മാന്യവായനക്കാര്‍ക്ക് കൊടുക്കാവുന്നതാണ്.

 മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി

  ഒരു ബ്ലോഗ് നിങ്ങള്‍ക്കു മുമ്പിലേക്കു വരുന്നു.

മങ്കടയുടെ ചരിത്രവും വര്‍ത്തമാനവുമായി ബന്ധപ്പെട്ട

 രേഖകള്‍,ചിത്രങ്ങള്‍ അയച്ചുതരിക.


അയക്കേണ്ട വിലാസം

informationconnect1@gmail.com

9946716495


കേരളാംതൊടികുടുംബസംഗമം


കേരളാംതൊടി കുടുംബ സംഗമം

കൂട്ടുകുടുംബങ്ങള്‍ അണുകുടുംബത്തിലേക്ക് മാറിയതോടെ കുടുംബ ബന്ധങ്ങളുടെ വിലയറിയാതെപോയ ഒരു സമൂഹത്തിന്റെ തിരിച്ചുവരവാണ് കുടുംബസംഗമങ്ങളായി ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കാണുന്നത്.ക്ലാസ് മേറ്റ് എന്ന സിനിമ ഹിറ്റായതോടെ നമ്മുടെ കലാലയങ്ങളില്‍ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു.ഭൂതകാലത്തെകുറിച്ചറിയുമ്പോഴാണ് ഒരു വ്യക്തിക്ക് ചുരുങ്ങിയപക്ഷം തന്നെകുറിച്ചുള്ള കാഴ്ചപ്പാടെങ്കിലും മാറ്റാനാകുന്നത്.


എന്തായാലും കഴിഞ്ഞ ദിവസം മങ്കടയിലും സമീപപ്രദേശങ്ങളിലുമായിവ്യാപിച്ചുകിടക്കുന്ന കേരളാംതൊടി കുടുംബങ്ങളുടെ പ്രഥമ കൂട്ടായ്മ കൂട്ടില്‍ പൊന്തൊടികയിലുള്ള കോയഅധികാരി നഗറില്‍ നടന്നു.ബ്രിട്ടീഷ് കാലഘട്ടത്തില്‍ മങ്കടയില്‍ റവന്യൂ അധികാരിയായിരുന്ന 'കോയഅധികാരി' ഈ കുടുംബാംഗമായതിനാല്‍ അദ്ദേഹത്തന്റെ ഓര്‍മ്മകള്‍ പങ്കുവെയ്കുന്ന കോയാധികാരി നഗറിലാണ് ഒത്തുചേരല്‍ നടന്നത്.
മെയ് 18 ഞായറാഴ്ച്ച നടന്ന കുടുംബസംഗമത്തിനായി മുഹമ്മദാലി മാസ്റ്റര്‍ രക്ഷാധികാരിയായും റിയാസ്(ജനറല്‍ കണ്‍വീനര്‍), സിദ്ധീഖ്, ഷബീല്‍ (കണ്‍വീനര്‍മാര്‍) ശ്രീ.ഉമ്മര്‍ മൗലവി,ഹംസ, ഉമ്മര്‍കോയ, അബ്ദുറഹ്മാന്‍,അബ്ദല്‍മുത്ത്വലിബ്, മൊയ്തി, യൂസുഫ്, മൊയ്തീന്‍കുട്ടി, ഹുസൈന്‍അലി ആലങ്ങാടന്‍, സി.ടി.മുഹമ്മദ്കോയ എന്നിവര്‍ ഉപദേശകസമിതി അംഗങ്ങളായും ഒരു കമ്മിറ്റി രൂപം കൊണ്ടിരുന്നു.

ഈ കമ്മിറ്റിയുടെ ശ്രമഫലമായാണ് കുടുംബ സംഗമം ചിട്ടയായി നടത്താനായത്.ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ യു.കെ അബൂബക്കര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കെ.ടി മുഹമ്മദലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.മങ്കട ഗ്രാമപഞ്ചായത്ത് അംഗം കളത്തില്‍ മുഹമ്മദലി,മുഹമ്മദ് അസ്ലം മാസ്റ്റര്‍,സൈനുദ്ധീന്‍ മൗലവി,സീമു മാസ്റ്റര്‍,കെ.ടി ഉമ്മര്‍ മാസ്റ്റര്‍,കെ.ടി.ഹംസ എന്നിവരും കുട്ടിപട്ടുറുമാല്‍ ഫെയിം ജര്‍ഷ വെങ്കിട്ട മുഖ്യാതിഥിയുമായി.

കുടുംബത്തിലെ നൂറ്റിയഞ്ചുവയസ്സുള്ള കാരണവരായ കുഞ്ഞുമൊയ്തിന്‍ എന്ന പഴയകര്‍ഷകനെ ആദരിച്ചുകൊണ്ടാണ്ടായിരുന്നു ചടങ്ങുകള്‍ ആരംഭിച്ചത്.കുടുംബത്തിന്റെ തായ് വേര് കോഴിക്കോട്ടുനിന്നാണ് വന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.തലമുറകളില്‍ മൊയ്തീന്‍,കുഞ്ഞുമൊയ്തീന്‍ എന്നപേരുകളാണ് കൂടുതലായി ഉപയോഗിച്ചിരുന്നത്.കുടുംബ സംഗമത്തിന്റെ ഓര്‍മ്മക്കായി സ്മരണിക തയ്യാറാക്കാനും വാര്‍ഷികസംഗമങ്ങള്‍ നടത്താനും തീരുമാനിച്ചു.ഷമീര്‍ രാമപുരം സമ്മാനദാനം നടത്തുകയും കെ.ടി.റിയാസ് സ്വാഗതവും മുത്ത്വലിബ് നന്ദിയും രേഖപ്പെടുത്തി, അടുത്ത സംഗമത്തിനായി കുടുംബങ്ങള്‍ പിരിഞ്ഞു.